Headlines

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13.5 പവൻ സ്വർണവും പണവും സൺഗ്ലാസും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: കുന്നംകുളം പെരുമ്പിലാവില്‍ വീട്ടുകാർ പുറത്തുപോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. കർണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു മോഷണം. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് 13.5 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും 2,000 രൂപ വിലമതിക്കുന്ന സൺഗ്ലാസും മോഷ്ടിച്ചു. ഇതിന് പുറമെ വാഹനത്തിന്റെ ആർ.സി. ബുക്ക്, ആധാർ കാർഡ്, എ.ടി.എം. കാർഡ്, പാൻ കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും പ്രതി കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.



മോഷണത്തിൽ ഏകദേശം 13.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. സംഭവത്തിന് പിന്നാലെ അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീൻ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കർണാടക സ്വദേശിയായ ഷാഹിദിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: