പട്ടാമ്പി: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുകയാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നാരോപിച്ച് സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ രംഗത്തെത്തി. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കൊടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്.
പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ഇവർ ആരോപിക്കുന്നു. പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ ജയിച്ചതോടെ ജില്ലാ സെക്രട്ടറി വിഭാഗീയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎയെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ഒപ്പം നിൽക്കുന്നവരെയല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു പുറത്താക്കി. എംഎൽഎ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണു വിരോധത്തിനു കാരണം.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനുമെല്ലാം പണം വാങ്ങുകയാണ്. സിപിഐ കളങ്കമില്ലാത്ത പാർട്ടിയായാണ് അറിയപ്പെട്ടിരുന്നതെന്നും ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.
ജില്ലയിലെ കരുത്തനായ നേതാവ് പാലോട് മണികണ്ഠനെയും കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരും കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജി വച്ചിരുന്നു. സിപിഐ മത്സരിക്കുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും നേതാക്കളും പ്രവർത്തകരും കൂട്ടത്തതോടെ രാജി വച്ചതിനെ തുടർന്ന് പുതിയവരെ ഉൾപ്പെടുത്തിയ മണ്ഡലം കമ്മിറ്റിയാണ് ഇന്ന് നിലവിലുള്ളത്. ജില്ലയിലെ പല മണ്ഡലം കമ്മിറ്റികളിലും വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് സംഘടനാ പ്രവർത്തനം കാര്യമായി നടക്കുന്നില്ല. പല തവണ ഈ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നേതൃത്വം ഇടപെടുന്നില്ല എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്. സമാന്തര സംഘടനാ പ്രവർത്തനവുമായി മുന്നോട്ട് പോകാനാണ് വിമത വിഭാഗത്തിൻ്റെ തീരുമാനം



