മുംബൈ: പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കളുടെ സ്വത്തല്ലെന്നും, അവർ സ്വതന്ത്ര വ്യക്തികളാണെന്നും ബോംബെ ഹൈക്കോടതി.
തനിക്ക് ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ച മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ്, ബോംബെ ഹൈകോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാനുള്ള യുവതിയുടെ അവകാശത്തെ കോടതി ശരിവെക്കുകയായിരുന്നു.
ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിക്കാൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയ മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന പ്രായപൂർത്തിയായ ഒരു സ്ത്രീയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹർജി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
17-ാം വയസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി ഒരു യുവാവിനൊപ്പം പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്ന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസെത്തി പെൺകുട്ടിയെ കണ്ടെത്തുകയും മാതാവിനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടി വീണ്ടും സ്വന്തം ഇഷ്ടപ്രകാരം ആ യുവാവിനൊപ്പം പോകുകയായിരുന്നു. തുടർന്നാണ് മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈകോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ കോടതി പെൺകുട്ടിയുമായി നേരിട്ട് സംസാരിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വീട് ഉപേക്ഷിച്ച് യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. തുടർന്ന് പെൺകുട്ടി ഇപ്പോൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും വിചാരണവേളയിൽ കോടതി വ്യക്തമാക്കി.
പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് യുവാവ് അനധികൃതമായി തടങ്കലിൽ വച്ചതാണെന്ന മാതാവിന്റെ വാദവും, യുവാവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയില്ലെന്ന ആരോപണവും കോടതി തള്ളി. ഹേബിയസ് കോർപ്പസ് ഹരജി നിലനിൽക്കണമെങ്കിൽ അനധികൃത തടങ്കൽ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ഈ കേസിൽ അത്തരമൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യക്തികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസുകളിൽ മാതാപിതാക്കളുടെ അവകാശത്തേക്കാൾ ആ വ്യക്തിയുടെ ക്ഷേമത്തിനും സ്വയംഭരണ സ്വാതന്ത്ര്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന സുപ്രീം കോടതി നിരീക്ഷണങ്ങൾ ശരിവച്ചുകൊണ്ടാണ് നാഗ്‌പൂർ ബെഞ്ച് മാതാവിന്റെ ഹർജി തള്ളിയത്.
അതേസമയം ഹേബിയസ് കോർപ്പസ് ഹർജി വിജയിക്കണമെങ്കിൽ നിയമവിരുദ്ധമായ തടങ്കൽ തെളിയിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ അത് തെളിയിക്കാൻ കഴിയാത്തതിനാൽ, നാഗ്പൂർ ബെഞ്ച് അമ്മയുടെ ഹർജി തള്ളി


