Headlines

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുസ്തഫ (61) ആണ് മരിച്ചത്. കുടിവെള്ള പദ്ധതിക്കായി റോഡിലുണ്ടാക്കിയ കുഴിയിലാണ് ഇയാൾ വീണത്. അപകടത്തെ തുടർന്ന് മുസ്തഫയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഓഗസ്റ്റ് പത്താം തീയതി രാത്രിയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വന്ന മകൻ സുഹൈബിനെ വിളിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 10:45ന് തിരൂരങ്ങാടി ചന്തപടിയിലെ റോഡിലെ കുഴിയിൽ ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ മുസ്‌തഫയ്‌ക്കും മകനും പരിക്കേറ്റു.

വഴിയിലൂടെപോയ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വിദഗ്ദ്ധ ചികിത്സയ്‌ക്കായി രണ്ടുപേരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രി പത്ത് മണിക്ക് മുസ്‌തഫ മരണപ്പെട്ടു. മകൻ ചികിത്സയിലാണ്. മുസ്‌തഫയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്മോർട്ടത്തിന് ശേഷം ചെമ്മാട് കരിപ്പറമ്പ് കൊട്ടുവലക്കാട് ജുമാ മസ്‌ജിൽ വൈകുന്നേരം ഖബറടക്കും. ഭാര്യ – ഖദീജ. മക്കൾ: സുഹൈബ്, ഹബീബ്, ഷബീബ്, ഫാത്തിമ. മരുമക്കൾ: നൗഷാദ് അലി, സുഹൈല.

കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിൽ കുഴിയെടുത്ത ശേഷം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവും ശക്തമായിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: