Headlines

വിതുരയിൽ ജനവാസ മേഖലയിൽ 14 അടി നീളമുള്ള രാജവെമ്പാല; വീട്ടുമുറ്റത്തെ ചെടികൾക്കിടയിൽ നിന്ന് വനംവകുപ്പ് പിടികൂടി

തിരുവനന്തപുരം: വിതുരയിലെ പട്ടൻകുളിച്ചപാറ ഒരുപറ സെറ്റിൽമെന്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ഉദ്വേഗജനകമായ നിമിഷങ്ങൾ. ഒരുപറ സ്വദേശിയായ അനീഷിന്റെ വീട്ടുമുറ്റത്തെ ചെടികൾക്കിടയിലാണ് 14 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഭീമൻ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പരുത്തിപ്പള്ളി ആർആർടി അംഗമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാഹസികമായി രാജവെമ്പാലയെ റെസ്ക്യൂ ചെയ്തു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ ഇത്രയും വലിയ രാജവെമ്പാലയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും, വനംവകുപ്പ് സംഘത്തിന്‍റെ സമയബന്ധിതമായ ഇടപെടൽ നാട്ടുകാർക്ക് ആശ്വാസമായി. കഴിഞ്ഞ മാസം കോട്ടൂർ – ആമല- ആയിരംകാല്‍ ഉന്നതിയിലായിൽ കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്നിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം പിടികൂടിയിരുന്നു.

കൂടാതെ 2025 ജൂലൈയിലും പേപ്പാറ ഡാം പരിസരത്ത് നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. 15 അടിയോളം നീളമുള്ളതും 20 കിലോയോളം തൂക്കമുള്ളതുമായ ഒരു ഭീമൻ രാജവെമ്പാലയെ വെറും ആറ് മിനിറ്റ് കൊണ്ടായിരുന്നു അന്ന് റോഷ്നി പിടികൂടി ചാക്കിലാക്കിയത്. ഈ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയും നിരവധി പ്രശംസകൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: