തിരുവനന്തപുരം: കേരളത്തില്‍ ബസ് യാത്രാ നിരക്കുകളോ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനോ വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. നിരക്കുകള്‍ കൂട്ടിയാല്‍ യാത്രക്കാരുടെ എണ്ണം കുറയുകയും ആളുകള്‍ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുകയും ചെയ്യുമെന്ന ചില ബസ്സുടമകളുടെ തന്നെ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനം.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള ഉടമകളുടെ മറ്റ് ചില ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 30,000ത്തോളം ഉണ്ടായിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം 8,000 ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, അവസാനമായി 2022ല്‍ നിരക്ക് പരിഷ്കരിച്ച ഓട്ടോ, ടാക്സി നിരക്കുകള്‍ കൂട്ടണമെന്നാണ് സര്‍ക്കാരിന്റെയും അഭിപ്രായം.
ഇതോടൊപ്പം റോഡ് സുരക്ഷ സംബന്ധിച്ചും മന്ത്രി കര്‍ശന നിലപാട് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, മക്കള്‍ വാഹനമോടിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് കൈയൊഴിയാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വാഹന ഉടമകള്‍ എന്ന നിലയില്‍ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെയും കര്‍ശന നിയമനടപടിയും ശിക്ഷയും ഉണ്ടാകണം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ കടുപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


