പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി കോളനിയിൽ ഉണ്ണികൃഷ്ണൻ-ചിത്ര ദമ്പതികളുടെ മകൾ അശ്വിനിയാണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അശ്വിനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി ദിവസങ്ങൾ കഴിഞ്ഞിട്ടും കുറയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു


