Headlines

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വൻ തിരിച്ചടി; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.

ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റമുക്തരാക്കിയത്. കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹരജികൾ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. പരമാവധി ഒരു വര്‍ഷത്തെ തടവ് ശിക്ഷയുളള ഒരു കുറ്റത്തിൽ ഒരു വര്‍ഷത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രൊസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനായി സുന്ദരയെ തട്ടിക്കൊണ്ട് പോയതിന്‍റെയും തടവില്‍ പാര്‍പ്പിച്ചതിന്‍റെയും വിവരങ്ങളും പണവും ഫോണുമടക്കമുളള പാരിതോഷികങ്ങള്‍ നല്‍കിയതിന്‍റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ ഇതൊന്നും യഥാവിധം കോടതിയെ ബോധ്യപ്പെടുത്താനായില്ല. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി ബിജെപി നേതാക്കൾ തനിക്ക് രണ്ടര ലക്ഷം രൂപയും 8800 രൂപ വിലയുളള മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണം. സുന്ദരയുടെ ആരോപണം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് വിട്ടത്. പിന്നാലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: