കുന്നംകുളം: ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂണ്ടൽ പാറ അമ്പലത്തിന് അടുത്തുവെച്ചായിരുന്നു അപകടം. സംഭവത്തിൽ വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയൽ ജസ്റ്റിൻ (19)ആണ് മരിച്ചത്.
കുന്നംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന ഷോണി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ ജോയലിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജസ്റ്റിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർഥിയാണ് മരിച്ച ജസ്റ്റിൻ. പരീക്ഷ എഴുതാനായി കോളജിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
