Headlines

പ്രണയവിവാഹത്തില്‍ പക; മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍



       

വെഞ്ഞാറമൂട് : പ്രണയവിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ലോറിയിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍.

വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്‌ഐ പള്ളിക്കു സമീപമായിരുന്നു സംഭവം. പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് അജീഷ(21) അഖില്‍ജിത്തിനെ ഒരുമാസം മുന്‍പ് വിവാഹം കഴിച്ചത്. എന്നാല്‍, അഖില്‍ജിത്തിന്റേത് രണ്ടാം വിവാഹമാണെന്നറിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ അജീഷയെ തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍, അജീഷ ഒരാഴ്ച മുന്‍പ് അഖില്‍ജിത്തിനൊപ്പം പോയി.

ശനിയാഴ്ച വൈകീട്ടോടെ ജോണ്‍ കൊപ്പം സിഎസ്‌ഐ പള്ളിക്കു സമീപത്തേക്കു വരുമ്പോൾ അജീഷയെയും അഖിലിനെയും വഴിയരികില്‍ കണ്ടുമുട്ടി. സ്വന്തം ലോറി ഓടിച്ചുവന്ന ജോണ്‍ ഇവരെക്കണ്ട് വാഹനം നിര്‍ത്തി. ഇവര്‍ തൊട്ടടുത്ത കടയില്‍നിന്നു കാറിലേക്കു കയറുന്നതിനിടെ ജോണ്‍ ഇവര്‍ക്കുനേരേ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.

അഖില്‍ജിത്ത് ലോറിക്കും കാറിനുമിടയില്‍ പെട്ടുപോയി. ഗുരുതരമായി പരിക്കേറ്റ അഖില്‍ജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് എത്തി ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു.

അഖില്‍ജിത്ത് മുന്‍പ് മറ്റൊരു വിവാഹം കഴിച്ചതാണെന്നും അതിനാലാണ് വിവാഹത്തെ എതിര്‍ത്തതെന്നും വീട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. എസ്‌എച്ച്‌ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: