പൊന്നാനി: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി കാട്ടിലവളപ്പ് സ്വദേശിയായ അക്ബർ (35) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.
കടലോരത്ത് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ഇയാൾ അതിക്രമിച്ചു കയറിയത്.
വീടിന്റെ ഓട് പൊളിച്ച് (ഇളക്കി മാറ്റി) ഉള്ളിലേക്ക് പ്രവേശിച്ച പ്രതി, മാതാപിതാക്കൾക്കൊപ്പം കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച ഉടൻ കുട്ടി ഞെട്ടിയുണർന്ന് ബഹളം വെച്ചു. ഇതോടെ പ്രതി രക്ഷപ്പെടുകയായിരന്നു.
ഇതിന് മുൻപും ഇയാൾ സമാനമായ രീതിയിൽ പ്രവർത്തിച്ചതിന് നാട്ടുകാർ പിടികൂടിയിരുന്നു. പ്രതിയായ അക്ബർ രാത്രി സമയങ്ങളിൽ മീൻപിടിക്കാനെന്ന പേരിൽ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് കറങ്ങാറുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ലെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


