തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്ത് പോലീസ്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് ടീന ജോസിനെതിരെ കേസെടുത്തത്. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്ന ടീന ജോസിനെ 2009ൽ പുറത്താക്കിയിരുന്നു. സഭാ നടപടികൾക്ക് വിധേയയായതോടെയാണ് ടീന ജോസിന് അംഗത്വം നഷ്ടപ്പെട്ടത്.
ടീന ജോസിന്റെ കൊലവിളി പരാമർശം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമൻ്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.
കമന്റ് വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ ടീന ജോസിന് അനുവാദമില്ലെന്നുമാണ് സിഎംസി സന്യാസിനി സമൂഹം അറയിച്ചത്. ടീന പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളിൽ സിഎംസി സമൂഹത്തിന് പങ്കില്ലെന്നും വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.


