കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. നിലവിൽ 122 വീടുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. അഞ്ച് സോണുകളിലായി തിരിച്ചു നടത്തുന്ന പ്രവൃത്തികളിൽ 344 വീടുകൾക്കായുള്ള ഭൂമി ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.
326 വീടുകളുടെ അടിത്തറ നിർമാണം പൂർത്തിയായി. 287 വീടുകളുടെ പ്ലിന്ത് ജോലികളും 243 വീടുകളുടെ ഷിയർ വാൾ നിർമാണവും കഴിഞ്ഞു. 7 വീടുകളുടെ പ്ലാസ്റ്ററിങ് ജോലികളും 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രധാന വിതരണ ലൈനുകൾ മാറ്റി സ്ഥാപിച്ചു. 110 കെ.വി ലൈനിനായി നാല് ടവറുകൾ നിർമിച്ചു.
ടൗൺഷിപ്പിനുള്ളിൽ ആകെ 11.423 കിലോമീറ്റർ ദൂരത്തിൽ റോഡുകളാണ് നിർമിക്കുന്നത്. ഇത് മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. 12.65 മീറ്റർ വീതിയിൽ 1.1 കിലോമീറ്റർ. 9.5 മീറ്റർ വീതിയിൽ 2.77 കിലോമീറ്റർ. വീടുകളിലേക്ക് പ്രവേശനം നൽകുന്ന 5.8 മീറ്റർ വീതിയുള്ള 7.55 കിലോമീറ്റർ റോഡുകൾ.
കുടിവെള്ള വിതരണത്തിനായി 9 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക്, മലിനജല സംസ്കരണ പ്ലാന്റ് (STP), ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. നിലവിൽ 1300-ഓളം തൊഴിലാളികൾ രാപ്പകൽ പ്രയത്നിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.


