തൃശൂർ: യുവതിയെ റിസോർട്ടിലെത്തിച്ച് ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ കൊലക്കേസ് പ്രതിയും. അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര വാസുപുരം വെട്ടിക്കൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ റഷീദ് 2016ൽ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ലാറ്റിൽ സതീശൻ എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കൊടകര, വെള്ളിക്കുളങ്ങര, തൃശൂർ വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിലായി റഷീദിനെതിരെ 16 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ആയുധ നിയമപ്രകാരമുള്ള കേസിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വാടകവീട് ഒരുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിസോർട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷം സംഘം പീഡിപ്പിച്ചുവെന്നും, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാലയും വളയും കവർന്നുവെന്നുമാണ് കേസ്. ഒരു പവൻ വീതം തൂക്കമുള്ള സ്വർണമാലയും വളയുമാണ് കവർന്നതെന്നാണ് യുവതിയുടെ പരാതി.
രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. നാലുപേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് പൗലോസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.


