എസ്.ഐ.ആർ മാപ്പിങ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശവുമായി സർക്കാർ. മതിയായ രേഖകളില്ലാത്തവർക്ക് അവ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് തീരുമാനം.
ഇതിനായി അപേക്ഷാഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വില്ലേജ് തലത്തിൽ സഹായകേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെയാണ് കളക്ടർമാരെ നേരിട്ട് ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ നീക്കം.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഹിയറിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനും ആവശ്യമായ ഇടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഓൺലൈനായി ഫോമുകൾ സമർപ്പിക്കാൻ എല്ലാ സഹായകേന്ദ്രങ്ങളിലും സൗകര്യമുണ്ടാകും.
അക്ഷയ സെന്ററുകളിലെ ഫീസ് കുറയ്ക്കാൻ ഐ.ടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒഴിവുകൾ രണ്ട് ദിവസത്തിനകം നികത്താനും ഈ കാലയളവിൽ ഉദ്യോഗസ്ഥർക്ക് മുൻകൂർ അനുമതിയില്ലാതെ അവധി നൽകരുതെന്നും സർക്കാർ ഉത്തരവിട്ടു.
വിട്ടുപോയ വോട്ടർമാരെ ഉൾപ്പെടുത്താൻ ബോധവൽക്കരണ പരിപാടികളും കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്കുകളും സജ്ജമാക്കും


