Headlines

രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്

തിരുവനന്തപുരം:ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം.എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്.



പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സമാന സംവിധാനം എക്സൈസ് വകുപ്പ് നേരത്തേ പ്രയോഗത്തിലുണ്ട്. ലഹരി കേസുകളുടെ വർധനവാണ് പൊലീസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്.

ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പൊലീസ് യൂണിറ്റുകള്‍ക്കാണ് അനലൈസറുകള്‍ നല്‍കിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളില്‍ സഹകരിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ പൊലീസിന് ലഭിച്ചത്. ഏകദേശം 2,000 രൂപ വിലവരുന്ന ഒരു കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചെലവ് കൂടുതലായതിനാല്‍ വിവിധ ഫണ്ടുകള്‍ സമാഹരിച്ച്‌ കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് പൊലീസിന്റെ പദ്ധതി.

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉണ്ടായിരുന്നുവെങ്കിലും രാസ ലഹരി ഉപയോഗം തിരിച്ചറിയുന്നത് ഇതുവരെ ബുദ്ധിമുട്ടായിരുന്നു. സംശയാസ്പദരായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ലാബിലേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരില്‍ നേരിട്ട് രക്ത പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പുതിയ സംവിധാനത്തില്‍ ഉമിനീർ സാമ്പിള്‍ ഉപയോഗിച്ച്‌ രണ്ട് മിനിറ്റിനകം ഫലം ലഭ്യമാകും. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടൻ പരിശോധിച്ച്‌ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

കൊച്ചി സിറ്റിയില്‍ മാത്രം 2,000 അനലൈസറുകള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ തുടങ്ങി. പദ്ധതി വിജയകരമായാല്‍ മറ്റ് പൊലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഡി-ഹണ്ട് ഓപ്പറേഷൻ സംസ്ഥാനത്തുടനീളം തുടരുന്നു. പ്രതിദിനം ശരാശരി 1,100 മുതല്‍ 1,300 പേർ വരെ പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതില്‍ ശരാശരി 50 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 75 മുതല്‍ 90 വരെ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു. എക്സൈസ് വകുപ്പും വൻതോതില്‍ ലഹരി പിടികൂടുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: