Headlines

ബിജെപിയുടെ സീൽ പതിച്ചത് അശ്രദ്ധ മൂലം, ക്ലറിക്കൽ പിഴവ്; വിവാദ കത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന വിഷയത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ സീല്‍ പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം. പിഴവ് മനസിലാക്കി നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിരുന്നുവെന്നും തെറ്റായ രേഖകള്‍ പ്രചരിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അശ്രദ്ധ മൂലമാണ് പിഴവ് സംഭവിച്ചതെന്നും ഓഫീസർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

ഈ മാസം 22 നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്.

2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. സംഭവം വിവാദമായതിന് പിന്നാലെ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. സീൽ വിഷയം സിപിഐഎമ്മും കോൺഗ്രസും ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: