ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺക്കുട്ടികളെയും കൊലപ്പെടുത്തി യുവാവ്. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചെതെന്ന സംശയമാണ് കൊലപാതക കാരണം. വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തൽ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്നാണ് കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
26 വയസ്സുകാരിയായ ഫർഹത്ത് പെൺമക്കളായ ഉമേര(8), ആയിഷ(6) എന്നിവരാണ് മരിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽവെച്ചാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. നീന്തൽ കുളത്തിൽ കാൽത്തെറ്റി വീണാണ് മരണം സംഭവിച്ചതെന്നാണ് ഫർഹത്തിൻ്റെ ഭർത്താവ് അസ്ഹറുദ്ദീൻ പറഞ്ഞത്.


