പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോലെ. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക്.
പത്തു വയസുള്ളപ്പോൾ ‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. പിന്നീട് 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.
ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ‘ആവോ ഹുസൂർ തുംകോ’, ആർ.ഡി. ബർമനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ സുപരിചിതമാണ്.
ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശാ ഭോസ്ലേ. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്. നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ ‘ഉംറാവോ ജാൻ’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശാ ഭോസ്‌ലെയെ തേടിയെത്തി.

