തിരുവനന്തപുരം: വലതുകണ്ണിൽ കടുത്ത വേദനയും നീർക്കെട്ടും അനുഭവപ്പെട്ട് ചികിത്സ തേടിയെത്തിയ 37കാരിയുടെ കണ്ണിൽ നിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രി.
തമിഴ്നാട് സ്വദേശിനിയായ യുവതി രണ്ട് ദിവസമായി കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി മെഡിസിൻ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിന്റെ സുതാര്യമായ പുറംപാളിയായ കൺജങ്‌ടൈവയ്ക്ക് അടിയിൽ ജീവനുള്ള വിരയെ കണ്ടെത്തിയത്.
ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അസ്ഗർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അതീവ ജാഗ്രതയോടെ ശസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തത്. കാഴ്ചശക്തിക്ക് യാതൊരു തകരാറും സംഭവിക്കാതെയാണ് ചികിത്സ പൂർത്തിയാക്കിയത്.
സമയബന്ധിതമായ രോഗനിർണയവും ചികിത്സയും നിർണായകമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അല്പം വൈകിയിരുന്നെങ്കിൽ ഗുരുതരമായ കാഴ്ച പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണ്ണതകൾ ഉണ്ടാകാനിടയുണ്ടായിരുന്നുവെന്നും ഡോ. അസ്ഗർ അബ്ബാസ് പറഞ്ഞു.
പരിശോധനയിൽ, മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന ‘ഡൈറോ ഫൈലേറിയ’ വിഭാഗത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇത്തരം പരാന്നജീവികൾ മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യശരീരത്തിൽ ഇവ സാധാരണയായി അതിജീവിക്കാറില്ലെങ്കിലും അപൂർവമായി ചർമ്മത്തിനടിയിലോ കണ്ണിനോട് ചേർന്ന ഭാഗങ്ങളിലോ വളരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിശദീകരിക്കുന്നു.
ഇന്ത്യയിൽ വളരെ കുറച്ച് കേസുകളിലാണ് ഇത്തരത്തിലുള്ള രോഗാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയും അസ്വസ്ഥതയും കുറഞ്ഞതായും, നീർക്കെട്ട് പൂർണമായും മാറാൻ ആവശ്യമായ മരുന്നുകൾ നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

