കോഴിക്കോട്/റിയാദ് സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കും.
ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്.
രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടിൽ നിന്ന് മകൻ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവൻ തിരികെ വരുന്നത് കാണാൻ ഉമ്മ ദിനങ്ങളെണ്ണി കഴിയുകയാണ്.
റിയാദിലെ ക്രിമിനൽ കോടതി വിധിച്ച ശിക്ഷയുടെ കാലാവധി മെയ് 20-ന് അവസാനിക്കുന്നതോടെ മോചന നടപടികൾ വേഗത്തിലാകും.
തന്റെ സ്പോൺസറുടെ മകൻ മരിക്കാനിടയായ നിർഭാഗ്യകരമായ സംഭവത്തെത്തുടർന്നാണ് റഹീം സഊദിയിൽ ജയിലിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്.
ദയാധനം കൈമാറിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലാണ് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തുടർന്ന് വിധിച്ച തടവുശിക്ഷ കൂടി പൂർത്തിയാകുന്നതോടെ റഹീമിന് ഇനി നാട്ടിലേക്ക് മടങ്ങാം. വരും ദിവസങ്ങളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റഹീം കോഴിക്കോട്ടെ തന്റെ വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.


