ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. പത്ത് ദിവസത്തോളം നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിലാണ് നിർണായക പ്രഖ്യാപനം നടന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ശക്തമായി മുഖ്യമന്ത്രി പദത്തിന് വേണ്ടി പോരാടിയെങ്കിലും ജനവികാരം തള്ളിക്കളയാനാകാതെ ഹൈക്കമാൻഡ് സതീശനിലേക്ക് എത്തുകയായിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെസി വേണുഗോപാലിന് ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കാനാണ് കെസി വേണുഗോപാലിന്റെ തീരുമാനം എന്നാണ് റിപ്പോർട്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രഖ്യാപനത്തിൽ തൃപ്തനല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന.


