കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. മലയിടം തുരുത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികളാണ് നടന്നത്.
കോടതി നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കുന്നതിനായി അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം ഉടലെടുത്തു. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്മഹത്യശ്രമം നടത്തിയതോടെ പൊലീസ് സമരപ്പന്തലിലേക്ക് ജലപീരങ്കി പ്രയോഗം നടത്തിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളുമുണ്ടായി. ഇതിനിടെ പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുകയായിരുന്നു. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കാൻ അദ്ദേഹം നിർദേശം നൽകിയതോടെ പ്രദേശത്തുനിന്ന് പൊലീസ് പിരിഞ്ഞുപോയി. മുമ്പ് പലതവണ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ സമരക്കാർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022ൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പൊലീസ് മടങ്ങി.14 തവണയാണ് ഭൂമി അളന്ന് തിരിക്കാനും വീടുകൾ പൊളിച്ചു നീക്കാനുമുള്ള നടപടികൾ നിർത്തിവയ്ക്കേണ്ടിവന്നത്. അരനൂറ്റാണ്ടോളമായി മലയിടംതുരുത്തിൽ ഭൂമി തർക്കം നില നിൽക്കുന്നുണ്ട്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിയിറക്കുന്നവരുടെ പുനരധിവാസത്തെ കുറിച്ച് ഇതുവരെ വ്യക്തത ഇല്ല.
58 വർഷം മുമ്പ് കാളുകുറുമ്പൻ എന്നയാൾ അന്യായമായി ഭൂമി കൈയേറിയതായി കാണിച്ച് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻനായർ രംഗത്തെത്തി. തങ്ങളുടെ മുത്തച്ഛൻ വഴി ലഭിച്ച ഭൂമിയാണെന്നായിരുന്നു കാളുകുറുമ്പന്റെ മകൻ ചോതിയുടെ വാദം. എന്നാൽ ഭൂമി തന്റെ പൂർവികരുടേതാണെന്ന് കാണിച്ച് ശങ്കരൻ നായർ കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി പട്ടികജാതി കുടുംബങ്ങൾക്ക് എതിരായതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്


