തിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിക്കാൻ കെ.എസ്.ഇ.ബിയും. ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് തീരുമാനിച്ചു
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെക്കുന്നതാണ് നീക്കം. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുന്നത്. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് ഒരുപൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെ.എസ്.ഇ.ബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് ഈ വിലവർദ്ധനവിന് കാരണമായത്. ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിനുണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ നീക്കം. മുൻ മാസങ്ങളിലെ നിരക്കുകൾ കൂടി പരിഗണിച്ചാണ് ദ്വൈമാസ ഉപഭോക്താക്കൾക്കും ജൂൺ മാസത്തെ ബില്ലുകളിൽ യൂണിറ്റിന് 2 പൈസ വീതം ഈടാക്കുന്നത്.


