സാൻഫ്രാൻസിസ്‌കോ: അവസാന നിമിഷം വരെ സ്വിറ്റ്‌സർലൻഡിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിന്ന ഖത്തർ, ഇൻജുറി ടൈമിലെ നാടകീയ ഗോളിലൂടെ സമനില (1-1) സ്വന്തമാക്കി. സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബൊലം ഖോഖി നേടിയ ഹെഡറാണ് ഖത്തറിന് രക്ഷയായത്. ഹൊമാം എൽ അമിന്റെ കൃത്യമായ ക്രോസിൽ നിന്നെത്തിയ ഖോഖിയുടെ ശക്തമായ ഹെഡർ സ്വിസ് വലയിലേക്കെത്തിയപ്പോൾ വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്ന സ്വിറ്റ്‌സർലൻഡ് താരങ്ങൾ ഞെട്ടി. 17-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെയായിരുന്നു സ്വിസ് ടീം ലീഡ് നേടിയത്.
മത്സരത്തിന്റെ യഥാർഥ നായകൻ ഖത്തർ ഗോൾകീപ്പർ മഹ്‌മൂദ് അബുനാഡയായിരുന്നു. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട സ്വിറ്റ്‌സർലൻഡിനെതിരെ അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് ഖത്തറിനെ മത്സരത്തിൽ നിലനിർത്തിയത്. ആദ്യ പകുതിയിൽ മാത്രം നിരവധി മികച്ച അവസരങ്ങൾ സ്വിസ് താരങ്ങൾ സൃഷ്ടിച്ചെങ്കിലും അബുനാഡയുടെ മിന്നും സേവുകൾ അവയെല്ലാം വിഫലമാക്കി.
13-ാം മിനിറ്റിൽ റെമോ ഫ്രുലെറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയ സംഭവത്തെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് സ്വിറ്റ്‌സർലൻഡിന്റെ ഗോളിലേക്ക് വഴിവെച്ചത്. എന്നാൽ പെനാൽറ്റിക്ക് മുമ്പ് ഓഫ്‌സൈഡ് ഉണ്ടായിരുന്നോ എന്ന സംശയം പിന്നീട് ചർച്ചയായി. വാർ പരിശോധന നടന്നെങ്കിലും വ്യക്തമായ റീപ്ലേകൾ പ്രദർശിപ്പിക്കാത്തത് വിവാദത്തിന് ഇടയാക്കി.
ഗോൾ വഴങ്ങിയ ശേഷവും അബുനാഡ തന്റെ മികവ് തുടർന്നു. ഡാൻ എൻഡോയെ, റൂബൻ വാർഗാസ്, ഡെനിസ് സകാരിയ തുടങ്ങിയ സ്വിസ് താരങ്ങളുടെ നിരവധി ശ്രമങ്ങൾ അദ്ദേഹം തടുത്തു. ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളെങ്കിലും നേടാമായിരുന്ന സ്വിറ്റ്‌സർലൻഡിനെ ഒരു ഗോളിൽ ഒതുക്കിയത് അബുനാഡയുടെ പ്രകടനമായിരുന്നു.
സ്വിസ് ആധിപത്യം തുടരുന്നതിനിടെ അവസാന നിമിഷങ്ങളിൽ ഖത്തർ തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഖോഖിയുടെ ഹെഡർ വലയിലെത്തിയതോടെ ഖത്തർക്ക് അർഹിച്ച സമനില ലഭിച്ചു. അവസാന വിസിൽ മുഴങ്ങുമ്പോൾ ഒരു പോയിന്റുമായി മടങ്ങിയ ഖത്തർ ക്യാമ്പിന്റെ സന്തോഷത്തിന് പിന്നിൽ അബുനാഡയുടെ അസാധാരണ പ്രകടനമുണ്ടായിരുന്നു.
അതേസമയം, മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദിന് ലോകകപ്പ് വേദിയിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചില്ല. പകരക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഖത്തർ പരിശീലകൻ ജുലെൻ ലോപ്‌റ്റേഗി മറ്റ് താരങ്ങളെയാണ് കളത്തിലിറക്കിയത്


