ലക്നൗ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലാണ് സംഭവം. പ്രതിയായ പതിനാലുകാരന്റെ ബന്ധുവാണ് പീഡനത്തിനിരയായ കുഞ്ഞ്. വെള്ളിയാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് പ്രതി കൊണ്ടുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടശേഖരത്തിൽ ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. മറ്റ് ഫൊറൻസിക് പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്.
ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളും നാട്ടുകാരിൽ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. അടുത്തിടെയാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയിരുന്ന ബന്ധുവായ 14കാരനിലേക്കാണ് സംശയം നീണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും അതിന്റെ സ്വാധീനത്തിലാണ് കുറ്റകൃത്യം നടത്തിയതെന്നുമാണ് കൗമാരക്കാരൻ മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ ഉപദ്രവിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയ പ്രതി, പിന്നീട് കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിലിലും പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള കൗമാരക്കാരനെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയതായും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ വിദഗ്ധർക്കു കൈമാറിയതായും പൊലീസ് അറിയിച്ചു


