Headlines

മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ. ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കിയിരുന്നു

38-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ച്‌ ഗോള്‍ നേടിയത്. ഡാലസിലെ ആര്‍ലിംഗ്ടണില്‍ മത്സരത്തിന്റെ തുടക്കത്തിലെ ലഭിച്ച പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു മെസി ഗോളടിച്ച്‌ ലോക റെക്കോര്‍ഡിട്ടത്.

അതിന് പിന്നാലെയാണ് ഫിഫ പോസ്റ്റുമായെത്തിയത്. മെസിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഫിഫ, അതില്‍ മലയാളത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.. ‘ഇവനെ പടച്ച്‌ വിട്ട കടവുള്ക്ക് പത്തില്‍ 10’. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ആവേശം സിനിമയിലെ ഗാനത്തിന്റെ വരികളാണ് ഫോട്ടോയില്‍ ഉണ്ടായിരുന്നത്.

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു. ലൗതാരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയാണ് മെസി പാഴാക്കിയത്. മെസി എടുത്ത പെനാല്‍റ്റി കിക്ക് പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്‌സിനകത്തു നിന്ന് ഗോള്‍ നേടിയാണ് മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ത്തത്. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. പിന്നാലെ രണ്ടാം പാതിയില്‍ പതിനെട്ടാം ഗോളും മെസി കണ്ടെത്തി.

ലോകകപ്പിലെ തുടര്‍ച്ചയായി ആറാം മത്സരത്തിലും ഗോള്‍ നേടി തുടര്‍ച്ചയായി 6 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ ഫ്രാന്‍സിന്റെ ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ന്‍, ബ്രസീലിന്റെ ജെയര്‍സീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡിനൊപ്പവും മെസിയെത്തി.

ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ (38 വയസ്സും 357 ദിവസവും) ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മെസി തകര്‍ത്തിരുന്നു. ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ (28), ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരങ്ങള്‍ (12) എന്നീ റെക്കോര്‍ഡുകളുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: