തിരുവനന്തപുരം: വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ചു. വർക്കല ചേന്നൻകോട് ഒറ്റൂരിൽ ആയിരുന്നു സംഭവം. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഇയാളുടെ സഹോദരന്റെ ഭാര്യ ഓമന എന്നിവരാണ് മരണപ്പെട്ടത്. ഓമനയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ സുകുമാരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് അയൽവാസികൾ വീട്ടിലെത്തി നോക്കുമ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്


