ഫിലഡൽഫിയ: തുടക്ക റൗണ്ടുകളിലെ മിന്നും പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും നിർണായക ഘട്ടത്തിൽ ലഭിച്ച ഒരു പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടർ പോരാട്ടത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട കീഴടക്കിയത്
മത്സരത്തിന്റെ 70-ാം മിനിറ്റിൽ പാരഗ്വായ് മിഡ്ഫീൽഡർ ഡിയേഗോ ഗോമസ് നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി സൂപ്പർതാരം കിലിയൻ എംബപെ അനായാസം വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150-ാം ഗോളെന്ന നേട്ടവും ഈ ഗോളിലൂടെ സ്വന്തമായി. ബ്രസീൽ (246), ജർമനി (243), അർജന്റീന (163) എന്നീ ടീമുകൾ മാത്രമാണ് ഈ പട്ടികയിൽ ഫ്രാൻസിന് മുന്നിലുള്ളത്.
ഈ ലോകകപ്പിൽ എംബപെയുടെ ഏഴാം ഗോളാണിത്. ഏഴ് ഗോളും രണ്ട് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ ഏഴ് ഗോളുള്ള ലയണൽ മെസ്സിയെ പിന്തള്ളി ഫ്രഞ്ച് നായകൻ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മൂന്ന് ലോകകപ്പുകളിലായി 19 മത്സരങ്ങളിൽ നിന്ന് എംബപെയുടെ ആകെ ഗോൾനേട്ടം 19 ആയി ഉയർന്നു. 20 ഗോളുമായി മെസ്സിയാണ് പട്ടികയിൽ മുന്നിലുള്ളത്.
ഈ വിജയത്തോടെ തുടർച്ചയായ നാലാം ലോകകപ്പിലും ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഫ്രാൻസ് സ്വന്തമാക്കി. അവസാന എട്ടിലെ പോരാട്ടത്തിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഫ്രാൻസ് ആദ്യ പത്ത് മിനിറ്റോളം പാരഗ്വായ് പകുതിയിൽ സമ്മർദം സൃഷ്ടിച്ചു. എന്നാൽ കൃത്യമായ പ്രതിരോധത്തിലൂടെ പാരഗ്വായ് ഫ്രഞ്ച് മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞു. 22-ാം മിനിറ്റിലാണ് ഫ്രാൻസിന് ആദ്യമായി ഗോളിലേക്ക് ഭീഷണിയുയർത്തുന്ന ശ്രമം നടത്താനായത്.
ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം പാരഗ്വായ് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറ്റങ്ങൾ നടത്തി. ഇതിനിടെ പ്രത്യാക്രമണത്തിനിടെ പന്തുമായി കുതിച്ച എംബപെയെ തടയാൻ ശ്രമിച്ച ആന്ദ്രേ കുബാസുമായി വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. സംഭവത്തിൽ ഇരുടീമിലെയും താരങ്ങൾ ഇടപെട്ടെങ്കിലും റഫറി സമയോചിതമായി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.
മത്സരത്തിലുടനീളം ഇരുടീമിലെയും താരങ്ങൾ കടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ചതോടെ നിരവധി തവണ സംഘർഷസാഹചര്യങ്ങളും രൂപപ്പെട്ടു. ഒടുവിൽ എംബപെയുടെ നിർണായക പെനാൽറ്റിയാണ് ഫ്രാൻസിന് വിജയവും ക്വാർട്ടർ ഫൈനൽ പ്രവേശനവും സമ്മാനിച്ചത്


