ബലാത്സംഗത്തിനിരയായ 14കാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കി

കൊച്ചി: ബലാത്സംഗത്തിനിരയായ 14 വയസ്സുകാരിക്ക് 28 ആഴ്ച പ്രായമായ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ അതിജീവന സാധ്യതയെയും ആരോഗ്യസങ്കീര്‍ണതകളെയും കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഇരയുടെ പ്രായവും ഗര്‍ഭം തുടരാനുള്ള വിസമ്മതവും പരിഗണിച്ചാണ് കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരയും പിതാവും രേഖാമൂലം സമ്മതം നല്‍കിയ ഉടന്‍ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കില്‍ ആവശ്യമായ നവജാത ശിശു പരിചരണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും, പെണ്‍കുട്ടിക്ക് കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത ശിശുപരിചരണ സ്ഥാപനത്തിനോ ദത്തെടുക്കല്‍ ഏജന്‍സിക്കോ കൈമാറാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കുഞ്ഞ് അതിജീവിക്കാത്ത സാഹചര്യത്തില്‍ കേസിലെ അന്വേഷണത്തിനും വിചാരണയ്ക്കുമായി ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള മെഡിക്കല്‍ തെളിവുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഭ്രൂണത്തിന്റെ കലകളും രക്തസാമ്പിളുകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: