ബോറിങ് ജോലികൾക്കായി കുഴിച്ചിട്ടിരുന്ന മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിൽ നോളജ് പാർക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ ഏകദേശം 15 അടി താഴ്ചയുള്ള കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച പ്രദേശത്ത് സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടസാധ്യതയുള്ള സ്ഥലം സുരക്ഷിതമാക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഇതിന് മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയിൽ നോയിഡയിലെ നിർമാണ മേഖലയ്ക്ക് സമീപമുള്ള കുഴിയിൽ കാർ വീണ് 27-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവവും പ്രതിഷേധത്തിനിടെ നാട്ടുകാർ ഓർമിപ്പിച്ചു.
സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത, കരാറുകാരന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.


