എം.ഡി.എം.എ കച്ചവടത്തിനിറങ്ങിയ രണ്ട് അധ്യാപികമാർ അറസ്റ്റിൽ

കോഴിക്കോട്: എം.ഡി.എം.എ കടത്ത്-വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്.

അന്വേഷണത്തിനിടെ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപികമാർ തന്നെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടെന്ന കണ്ടെത്തൽ പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ കീർത്തനയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർനടപടികളിലാണ് കാവ്യയും പൊലീസിന്റെ വലയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാവ്യയുടെ അക്കൗണ്ട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.

ഇരുവരും ഉൾപ്പെട്ട സംഘമാണ് ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരി വാങ്ങുന്നവർ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ എം.ഡി.എം.എ എത്തിച്ചുനൽകുന്നതായിരുന്നു പ്രവർത്തനരീതിയെന്നും പൊലീസ് പറയുന്നു.

പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: