Headlines

ബിജെപിക്ക് വീണ്ടും വെല്ലുവിളി; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി

ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുന്നു. ഇ20 പെട്രോളിന് പകരം 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായിരിക്കുകയാണ്.


എക്‌സിലെ ഈ അക്കൗണ്ടിന്റെ ബയോയിൽ, “ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ടാങ്കിലേക്ക് എന്ത് ഇന്ധനം എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണം” എന്ന ആശയമാണ് പങ്കുവച്ചിരിക്കുന്നത്. ഇ20 പെട്രോളിന് പകരം എഥനോൾ കലരാത്ത പെട്രോൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അതേസമയം, രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് മടങ്ങാനുള്ള തീരുമാനം നിലവിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്താൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നുമുള്ള ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ കേന്ദ്ര സർക്കാർ തള്ളുകയാണ്. നീതി ആയോഗ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ പഠനങ്ങളും ലാബ് പരിശോധനകളും പ്രകാരം ഇ20 ഇന്ധനം വാഹന എഞ്ചിനുകളിൽ അസാധാരണമായ തകരാറുകളോ അധിക തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ തകരാർ സംഭവിച്ചതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇരുചക്ര വാഹന നിർമാതാക്കളും സമാനമായ അനുഭവമാണ് പങ്കുവയ്ക്കുന്നത്.

നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോൾ ഉപയോഗിച്ചാണ് ഓടുന്നതെന്നും കേന്ദ്ര സർക്കാർ പറയുന്നു. പരിസ്ഥിതി സംരക്ഷണം, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനുള്ള ആശ്രയം കുറയ്ക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എഥനോൾ കലർന്ന ഇന്ധന നയം നടപ്പാക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: