തിരുവനന്തപുരം: വഞ്ചിയൂരിൽ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രദീപിനൊപ്പം വിനീത്,റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയിലാണ് വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്.
പ്രദീപും വിശാഖും തമ്മില്‍ കാലങ്ങളായി വൈരാഗ്യത്തിലായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്ക് പത്തോളം കേസുകളുമുണ്ട്. കൊല്ലപ്പെട്ട വിശാഖിന് ചില ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ഒരു അതിര്‍ത്തി തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തുള്ള റോഡില്‍ വച്ചാണ് പട്ടാപ്പകല്‍ പ്രദീപ് വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം അവിടെ നിന്ന് മുങ്ങിയ പ്രതികളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വഞ്ചിയൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.


