Headlines

കേരളം ലജ്ജിച്ച് തലതാഴ്ത്തിയ സംഭവം; മരണത്തിന്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും; രമേശ് ചെന്നിത്തല



      

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മരണത്തിന്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും. കുട്ടികളെ നേരായ മാര്‍ഗത്തില്‍ കൂടി നയിക്കേണ്ട അധ്യാപകര്‍ ചെയ്തത് ഗുരുതരമായ കാര്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. അറസ്റ്റിലായ അധ്യാപകര്‍ എംഡിഎംഎ വിറ്റുകിട്ടിയ പണമെല്ലാം അയച്ചത് ഒരു വ്യക്തിയിലേക്കെന്നാണ് സംശയം. വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും, അറസ്റ്റിലായവരെല്ലാം ഇയാളുടെ ശൃംഖലയിലെ കണ്ണികള്‍ മാത്രമാണെന്നുമാണ് പോലീസിന്റെ നിഗമനം. കേരളം വിട്ടുകടന്ന ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് മാത്രം ഒരു കോടിയിലേറെ രൂപയാണ് ഇയാള്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്കും ക്യുആര്‍ കോഡുകളിലേക്കും അയച്ചത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസില്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ അറസ്റ്റിലായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപകര്‍ തയാറായിട്ടില്ല.

അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ എത്തിയെന്നാണ് കണ്ടെത്തല്‍. ഈ പണം നര്‍ക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ വിദേശ ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: