ആറു ദിവസവും ദീപക് എന്ന സൈക്കിൾ അഭ്യാസിയുടെ പ്രകടനം കണ്ടു രസിച്ച നാട്ടുകാർക്ക് മുന്നിൽ ഏഴാംദിനം ദാരുണാന്ത്യം. ഹരിയാനയിലെ നൂഹിലാണ് സംഭവം. സഞ്ചരിക്കുന്ന സൈക്കിൾ സർക്കസിനിടെയാണ് ഫരീദാബാദ് ഗൗഞ്ചി സ്വദേശി 27കാരനായ ദീപക്കിന് ദാരുണാന്ത്യം സംഭവിച്ചത്. സംഘാടകർ ആവശ്യപ്പെട്ട തുക പിരിച്ചുകിട്ടാൻ വൈകിയതാണ് യുവാവിൻ്റെ മരണത്തിനു കാരണമെന്ന് കാണികൾ പറയുന്നു.
ഖോറി കലാൻ ഗ്രാമത്തിലായിരുന്നു ഒരാഴ്ചയായി സൈക്കിൾ അഭ്യാസം നടന്നുവന്നത്. ഈ ദിവസങ്ങളിലെ പ്രധാന ആകർഷണമായിരുന്നു ദീപക്. ഹാൻഡ് ബാറിൽ ബാലൻസ് ചെയ്തും മുൻപോട്ട് നോക്കാതെ സൈക്കിളോടിച്ചും ദീപക് കാണികളെ കയ്യിലെടുത്തു. എന്നാൽ സർക്കസ് ഷോയുടെ ഏഴാംദിനം നടത്തിയ ‘ജീവനോടെ കുഴിച്ചുമൂടൽ’ എന്ന അഭ്യാസത്തിനിടെ ദീപക്കിന് സ്വന്തം ജീവൻ തന്നെ നഷ്‌ടപ്പെടുകയായിരുന്നു.
ദീപകിനെ ഒരു ചാക്കിലാക്കി പ്രത്യേകം തയാറാക്കിയ ഒരു കുഴിയിലേക്ക് താഴ്ത്തുകയായിരുന്നു. 24 മണിക്കൂറിനു ശേഷം ഇയാളെ ജീവനൊടെ പുറത്തെടുക്കുമെന്നതാണ് സംഘാടകർ കാണികളോടായി പറഞ്ഞത്. ഈ സമയത്തിനിടെ അവർ ലക്ഷ്യംവച്ച പണം കാണികളിൽ നിന്നും പിരിച്ചെടുക്കും. എന്നാൽ വാഗ്ദാനം ചെയ്ത 24 മണിക്കൂർ കഴിഞ്ഞിട്ടും ദീപക്കിനെ പുറത്തെടുത്തില്ലെന്നു മാത്രമല്ല, 36മണിക്കൂർ കഴിഞ്ഞാണ് ദീപക്കിനെ സംഘാടകർ പുറത്തെടുക്കാൻ തയാറായത്.
7100 രൂപ പിരിച്ചുകിട്ടും വരെ ഇയാളെ ആ മൺകുഴിയിൽ നിർത്തുമെന്ന് സംഘാടകർ ശാഠ്യം പിടിച്ചതായി ദൃക്‌സാക്ഷിയായ സഞ്ചിത് സിങ് പറയുന്നു. കാണികളിൽ നിന്നും ഈ പണം പിരിച്ചുകിട്ടാൻ വൈകിയതാണ് സംഘാടകർ ഈ ക്രൂരതയ്ക്ക് കാരണമായി പറയുന്നത്. ഒടുവിൽ കുഴി തുറന്ന് ദീപകിനെ പുറത്തെടുത്തപ്പോഴേക്കും ജീവനറ്റ നിലയിലായിരുന്നു. ദീർഘനേരം വായു സഞ്ചാരമില്ലാതെ മണ്ണിനടിയിൽ കഴിഞ്ഞതിനാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദീപക്കിന്റെ മരണം പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ നടത്തിയ ഈ അഭ്യാസങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നു കഴിഞ്ഞു. ജീവന് യാതൊരു വിലയും കൽപ്പിക്കാതെ പണപ്പിരിവിനായി നിലകൊണ്ട സംഘാടകർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയർന്നു.
സംഭവത്തിൽ ഐപിസി 174-ാം വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിന് കേസ് റജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് വക്താവ് കൃഷൻ കുമാർ അറിയിച്ചു. ദീപക്കിന്റെ മരണത്തിനു ഉത്തരവാദികൾ ആരെല്ലാമെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.


