വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണു; നാലുവയസുകാരന് ദാരുണാന്ത്യം



മലപ്പുറം: മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കൊണ്ടോട്ടി നീറാട് തോട്ടിൽ അബദ്ധത്തിൽ ആദം വീഴുകയായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. കുട്ടിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: