മൂവാറ്റുപുഴ:ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് ദാരുണമായ അപകടത്തെ തുടർന്ന് മരിച്ചത്.
വിൽപനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് ജസ്റ്റിൻ മരിച്ചതിനെ തുടർന്ന് കുട്ടികളെ വളർത്താൻ റെജിമോൾ തുടങ്ങിയ സ്ഥാപനമായിരുന്നു സ്റ്റാർ ചപ്പാത്തി കട. ഭർത്താവിന്റെ വേർപാടും ദുരിതങ്ങളും മറികടന്ന് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണു അവിചാരിതമായി ദുരന്തം ഉണ്ടായത്. റെജിമോളുടെ സംസ്കാരം നാളെ രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജാസ്മിൻ, ജ്യോതി ദർശന, ജസ്റ്റോ.


