Headlines

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും





പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കേസിൽ അമ്പതുകാരന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് രണ്ടു കേസുകളിലായി 60 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയും വിധിച്ച് നിർണ്ണായക ഉത്തരവിറക്കിയത്.

പിഴയടച്ചില്ലെങ്കിൽ ഓരോ കേസ് വകുപ്പിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ഭർത്താവ് ഉപേക്ഷിച്ച അഞ്ചുമക്കളുടെ മാതാവിനൊപ്പം കൊണ്ടോട്ടിയിലെ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന പ്രതി, ഓർഫനേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തുന്ന കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

2023 സെപ്റ്റംബർ മുതൽ 12 കാരിയേയും 2025 മാർച്ച് മുതൽ 11 കാരിയേയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു വന്നു. പ്രതിയുടെ പീഡനം ഭയന്നാണ് ഇവരുടെ മൂത്ത സഹോദരി നേരത്തെ വീടുവിട്ട് മാറിയത്.

2025 ലെ വേനലവധിക്ക് വീട്ടിലെത്തിയ കുട്ടികളെ മൂത്ത സഹോദരി കോഴിക്കോട് ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് കുട്ടികൾ തങ്ങൾ നേരിട്ട പീഡനവിവരം തുറന്നുപറയുന്നത്. തുടർന്ന് കൊണ്ടോട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന പി.എം. ഷമീറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ ആക്ടിലെ മൂന്ന് വ്യത്യസ്ത വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ നൽകിയിട്ടുള്ളത്.

പ്രതി അടയ്ക്കുന്ന പിഴത്തുക അതിജീവിതമാർക്ക് നൽകാനും വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് ഇരു കുട്ടികൾക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: