ആലപ്പുഴ: തൃക്കാക്കര മോർഫിംഗ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക കണ്ടെത്തൽ. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴയിലെ കോളേജ് വിദ്യാർത്ഥിയായ സനീഷ്, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി പോലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബിഎംസി കോളേജ് വിദ്യാർഥി ശ്രീഹരി തയാറാക്കിയ മോർഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഈ പെയ്ഡ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്.
ആദ്യം 1500 ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് സനീഷ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. കൂടുതൽ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങൾ വേണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരസ്യം നൽകിയ ശേഷമാണ് സനീഷ് പ്രത്യേക പ്രീമിയം പെയ്ഡ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പിലേക്ക് ആളുകളെ ചേർക്കുന്നതിനായി ഒരാളിൽനിന്ന് 250 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ 12 പേരെ ഗ്രൂപ്പിൽ ചേർത്തതായും പോലീസ് കണ്ടെത്തി.
പ്രതികളായ ശ്രീഹരിയും സനീഷും തമ്മിൽ നേരിട്ട് പരിചയമില്ലെന്നാണ് വിവരം. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. പണം ഈടാക്കുന്നതിനായി സനീഷ് ഉപയോഗിച്ച ക്യു ആർ കോഡ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് കണ്ടെടുത്തു. പരിശോധനയിൽ സനീഷിന്റെയും ശ്രീഹരിയുടെയും മൊബൈൽ ഫോണുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ നിലവിൽ സനീഷ് മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അറസ്റ്റിലായ സനീഷിനെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ ശ്രീഹരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്തുവരികയാണ്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ഗ്രൂപ്പിൽ അംഗങ്ങളായ മറ്റുള്ളവരെ കണ്ടെത്താനും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത്.


