തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന് (84) അന്തരിച്ചു. ഹൃദയത്തിന്റെ കാവല്ക്കാരന് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി പഠനം പൂര്‍ത്തിയാക്കിയ വിജയരാഘവന് വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം 2009ല്‍ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ മെഡിക്കല്‍ അധ്യാപകന് കൂടിയാണ് അദ്ദേഹം. നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.


