കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലും സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ 306.468 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ ലഹരിവിരുദ്ധ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കളപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ചേർത്തല തിരിച്ചാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന സൂസൻ ജൂബി (20) എന്നിവർ പിടിയിലായത്. ഇരുവരിൽ നിന്നുമായി 199.038 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി.
തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിൽ കൊച്ചി പാണ്ടിക്കുടി സ്വദേശി വിഷ്ണു ബി. പൈ (34)യും പിടിയിലായി. ഇയാളിൽ നിന്ന് 107.430 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നിർദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് ലഹരിമരുന്ന് വേട്ട നടത്തിയത്.
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നഗരത്തിലെ ലഹരിമരുന്ന് ഇടപാടുകൾക്കെതിരെ പരിശോധനകൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു


