ന്യുഡൽഹി: പെൻഡിങ് ആയി കിടക്കുന്ന ഇ-ചലാനുകൾ അടച്ചില്ലെങ്കിൽ വാഹന സംബന്ധമായ സേവനങ്ങൾ മരവിപ്പിക്കണമെന്ന് സുപ്രീംകോടതി.
രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പിയുസി, ഉടമസ്ഥാവകാശ കൈമാറ്റം, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ പിഴ അടക്കാത്തവർക്ക് നൽകരുതെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യണം, വിൽപനയും കൈമാറ്റവും തടയണമെന്നും കോടതി പറഞ്ഞു.
രാജ്യത്ത് ഏകദേശം 49,194 കോടി രൂപയുടെ ഇ-ചലാൻ പിഴ കുടിശ്ശികയുണ്ടെന്നും ഇതിൽ 26,175 കോടി മാത്രമാണ് ഇതുവരെ ഈടാക്കിയതെന്നും കോടതിയെ അറിയിച്ചു. വെറുതെ ചലാൻ നൽകിയിട്ട് കാര്യമില്ല, പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞു.
അഞ്ചിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതും പരിഗണിക്കണമെന്നും നിർദേശമുണ്ട്


