Headlines

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ




തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം കോടത്തൂർ. 17കാരിക്ക് സമാനമായ രോഗാവസ്ഥയാണ് തനിക്കും ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ഉപയോഗിച്ചിരുന്ന അതേ ക്രീം ഇപ്പോൾ പല പേരുകളിൽ വിപണിയിൽ ലഭ്യമാണെന്നും യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രീം ഉപയോഗിച്ചതിന് പിന്നാലെ മൂത്രത്തിൽ അണുബാധയും കാലുകളിലും കണ്ണുകളിലും നീർക്കെട്ടും അനുഭവപ്പെട്ടു. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം പറഞ്ഞു. കാസർകോട്ടുള്ള സുഹൃത്ത് സമാനമായ ക്രീം ഉപയോഗിക്കുന്ന വിവരം ഡോക്ടറോട് പറഞ്ഞപ്പോഴാണ് ക്രീമിലെ മെർക്കുറിയുടെ ഉയർന്ന അളവിനെക്കുറിച്ച് സംശയമുണ്ടായത്. തുടർന്ന് സ്വന്തം ഡോക്ടറോടും ഇക്കാര്യം അറിയിച്ചതോടെയാണ് രോഗം തിരിച്ചറിഞ്ഞതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.

ക്രീം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖത്ത് മാറ്റം പ്രകടമായിരുന്നു. ഏകദേശം രണ്ടര മാസത്തിനിടെ ഒന്നര ബോട്ടിൽ ക്രീം ഉപയോഗിച്ചു. എന്നാൽ പിന്നീട് മുഖത്തിന് മുൻപത്തേക്കാൾ കരിവാളിപ്പ് അനുഭവപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം പരിപാടികൾ മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴും ഉറക്കം പഴയ നിലയിലായിട്ടില്ലെന്നും ഭക്ഷണക്രമത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷലോഹമായ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരോധിച്ച രണ്ട് ഫെയർനെസ് ക്രീമുകൾ ഇപ്പോഴും ഓൺലൈൻ വിപണിയിൽ ലഭ്യമാണെന്നാണ് റിപ്പോർട്ട്. ഫൈസ, ഗോറീ എന്നീ പേരുകളിലുള്ള ക്രീമുകളാണ് വിൽപ്പന തുടരുന്നത്. വ്യാജവും സുരക്ഷിതമല്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ ആരോഗ്യവകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി ഇതുവരെ പത്തുലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പ്രത്യേകിച്ച് വൃക്കകളെ ബാധിക്കുന്ന വിഷബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: