വിഴിഞ്ഞം: ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന്, 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസില്‍ ശ്രീജിത്തിനെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ അറിയിച്ചു. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി ഇൻസ്റ്റഗ്രാമില്‍ ആർമി യൂണിഫോമിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ടു. തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പണവും നഗ്ന ഫോട്ടോകളും കൈവശപ്പെടുത്തി വഞ്ചിച്ചതായാണ് പരാതി. ഇക്കഴിഞ്ഞ മാർച്ച് 11 മുതല്‍ സെപ്തംബർ 16 വരെയുള്ള കാലയളവില്‍ പലപ്പോഴായി 3,93,000 രൂപ തട്ടിയെടുത്തുവെന്നും പൊലീസ് പറഞ്ഞു.സമാന സംഭവത്തില്‍ ഈ അടുത്ത കാലത്ത് പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ജയില്‍ വാസം അനുഭവിച്ചതായും,ചോദ്യം ചെയ്യലില്‍ ഏഴോളം യുവതികളെ ഇത്തരത്തില്‍ ചതിച്ചതായും പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒമാരായ റെജിൻ, സാബു, ഗോഡ്‌വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


