ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തികളുടെ ഇഷ്ടം’; സ്‌കൂളില്‍ അധ്യാപികക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

    

കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്‍മാരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഹൈകോടതി. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ നിര്‍ദേശം നല്‍കാന്‍ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ മാനേജരുടെ നടപടി ചോദ്യം ചെയ്ത് കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.ചുരിദാര്‍ ധരിച്ചെത്തിയതിന് തന്നെ സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ഗേറ്റില്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഹരജിക്കാരിയെ മാനേജര്‍ തടസ്സപ്പെടുത്തിയാല്‍ മതിയായ സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര എസ്എച്ച്ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ നിരീക്ഷണം ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി.ഫെബ്രുവരി മൂന്നിന് സ്‌കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സാരിയുടുത്ത് വരണമെന്ന് ഭീഷണിപ്പെടുത്തി ഗേറ്റില്‍ തടഞ്ഞതാണ് സംഭവം. തുടര്‍ന്ന് അധ്യാപിക ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയുടെ പരാതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസുടുക്കുകയും പിന്നാലെ മാനേജ്‌മെന്റ് ഇയാളെ സ്‌കൂളില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സുരക്ഷാ ജീവനക്കാരന്‍ വിശദീകരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: