സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കും; ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടികളിലേക്ക്. നിലവില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് മാത്രമാണ് ലൈസന്‍സ് ആവശ്യമുള്ളത്. എന്നാല്‍ ഇനി മുതല്‍ കേരളത്തില്‍ ഇവ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെയും ഏകോപിപ്പിക്കും. പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും.ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: