9 കോടിയുടെ വിസ തട്ടിപ്പ്: ആലക്കോട് സ്വദേശി അറസ്റ്റിൽ




ആലക്കോട്: യുണൈറ്റഡ് കിങ്ഡത്തിലേക്ക് (യുകെ) കെയർ ഹോം വിസ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. ആലക്കോട് സ്വദേശി നിതിൻ സെബാസ്റ്റ്യൻ (36, ഉണ്ണി) ആണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് കോടതി-4 റിമാൻഡ് ചെയ്തു.

തട്ടിപ്പിനായി രൂപീകരിച്ച ‘യുകെഇ റീഗൾ’ എന്ന വ്യാജ സ്ഥാപനത്തിൽ ഒന്നാം പ്രതിയായ സൂരജ് (ജോസഫ്) എന്നയാളുടെ പ്രധാന പങ്കാളിയായിരുന്നു നിതിൻ സെബാസ്റ്റ്യൻ. കേസിൽ ഒന്നാം പ്രതിയായ സൂരജിനെ കഴിഞ്ഞ മാർച്ചിൽ ഹിമാചൽ പ്രദേശിൽ വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു. വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് ആരംഭിച്ച വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈക്കലാക്കിയിരുന്നത്.
കേരളത്തിലും കർണാടകയിലുമായി ഇവർക്കെതിരെ ഇതിനകം അമ്പതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ഭാഗങ്ങളിലെ തൊഴിലന്വേഷകരിൽ നിന്നായി ഏകദേശം എട്ട് കോടിയോളം രൂപയാണ് സംഘം തട്ടിയെടുത്തത്. തട്ടിയെടുത്ത തുക കണ്ടെത്താനും സംഘത്തിൽ മറ്റാർക്കെങ്കിലും പങ്കാളിത്തമുണ്ടോയെന്ന് വ്യക്തമാക്കാനുമായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി കെ.എസ്. ഷാജിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.വി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷ്, ഗ്രേഡ് എ.എസ്.ഐ സിദ്ധാർത്ഥൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: