തിരുവനന്തപുരം: ഒരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി സമർപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പോലീസുകാരൻ പിടിയിൽ. സംഭവത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിപിഒ, അതിയന്നൂർ സ്വദേശി ധനീഷ് കുമാർ(39) ആണ് അറസ്റ്റിലായത്. 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും ആണ് പരാതിക്കാരിയിൽ നിന്നും പോലീസുകാരൻ തട്ടിയെടുത്തത്. മ്യൂസിയം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെന്റ് ചെയ്തു.
എറണാകുളം സ്വദേശിനിയായ 39 വയസ്സുകാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരായ പരാതി. ഇയാൾ ജോലിചെയ്യുന്ന സ്റ്റേഷനിൽ ജനുവരിയിൽ യുവതി ഒരു പരാതി നൽകിയിരുന്നു. ഇതിനായി ചിത്രങ്ങളും വിഡിയോകളും നൽകിയിരുന്നു. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയാതയാണ് പരാതി.
ഈ വർഷം ജനുവരി 24 മുതൽ ഓഗസ്റ്റ് 20 വരെ പല തവണയായി യുവതിയെ പ്രതി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല പല തവണകളായി 14.5 ലക്ഷം രൂപ യുവതിയിൽ നിന്നും വാങ്ങുകയും ഇവരുടെ 82,590 രൂപ വിലയുള്ള മൊബൈൽ ഫോണും കൈക്കലാക്കുകയും ചെയ്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകി. ഈ പരാതി മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് പോലീസുകാരൻ പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


