Headlines

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്‌റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആർടിസി



         

തിരുവനന്തപുരം : വരുമാനം വർധിപ്പിക്കാൻ പുറത്തിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്‌റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ കെഎസ്ആർടിസി നിര്‍ത്തലാക്കി. സ്റ്റോപ്പ് കുറഞ്ഞതോടെ യാത്രക്കാർ സർവീസുകളോട് മുഖം തിരിച്ചത് വെല്ലുവിളിയായി.

പല ഡിപ്പോകളിലും കെഎസ്ആർടിസി കലക്ഷനിൽ കുറവ് ശ്രദ്ധയിൽപെട്ടതോടെയാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നിലയില്‍ ഇവയെ സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റുന്നത്. ഈ സര്‍വീസുകള്‍ എല്ലാ സൂപ്പര്‍ ഫാസ്റ്റ് സ്‌റ്റോപ്പുകളിലും ബസ് സ്‌റ്റേഷനുകളിലും ഡിപ്പോകളിലും ദേശീയ പാതകളിലെ സര്‍വീസ് റോഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള റോഡുകളിലും നിര്‍ത്തണമെന്നും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവില്‍ പറയുന്നു.

ഹിറ്റാകുമെന്ന പ്രതീക്ഷയിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈയെടുത്ത് തുടങ്ങിയ സ്പെഷൽ ക്ലാസ് സർവിസുകൾ ആണ് മാസങ്ങൾക്കുള്ളിൽ പിൻവലിക്കുന്നത്. സ്റ്റോപ്പുകളും വെട്ടിക്കുറച്ചും നിരക്കുയർത്തിയും ആയിരുന്നു ബസുകളുടെ ഓട്ടം. യാത്രക്കാരെ വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീമിയം സർവിസുകൾ ആരംഭിച്ചതെങ്കിലും സ്റ്റോപ്പുകൾ ഇല്ലാത്തത് തിരിച്ചടിയായി.

ദേശീയപാതയിലെ സ്റ്റോപ്പുകൾ 107 എന്നതിൽ നിന്ന് 44 ലേക്കും എംസി റോഡിലെ സ്റ്റോപ്പുകൾ 108 എന്നത് 46 ലേക്കും വെട്ടിക്കുറച്ചാണ് സർവിസുകൾ ക്രമീകരിച്ചത്. ഒപ്പം സാധാരണ സൂപ്പർ ഫാസ്റ്റുകളെക്കാൾ അഞ്ച് ശതമാനം നിരക്ക് വർധനയും വരുത്തി. എന്നാൽ, സ്റ്റോപ്പുകൾ കുറഞ്ഞതോടെ ആളുകൾ കയറാതായി. നേരത്തെ സൂപ്പർ ഫാസ്റ്റുകൾ ഓടിയിരുന്ന അതേ പെർമിറ്റുകളാണ് പുതിയ ബസുകൾ വിന്യസിച്ച് പ്രീമിയം സർവിസുകളാക്കിയത്. ദീർഘദൂര ബസുകളായതിനാൽ രാത്രി കാലത്തായിരുന്നു അധികവും ഓടിയിരുന്നത്. ഓർഡിനറികളോ ഫാസ്റ്റ് പാസഞ്ചറുകളോ ഇല്ലാത്ത രാത്രികാലങ്ങളിൽ ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യാൻ ആളുകൾ തയാറായിരുന്നെങ്കിലും സൂപ്പർ ഫാസ്റ്റ് രാത്രി കാലങ്ങളിൽ നിറുത്തുന്ന സ്ഥലങ്ങളിൽ പോലും പ്രീമിയം നിറുത്താതിരുന്നത് രാത്രികാലങ്ങളിൽ ജീവനക്കാരുമായി തർക്കത്തിനും വഴിവെച്ചു. ഒപ്പം ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഒന്നിടവിട്ട സ്റ്റാന്‍റുകളിൽ കയറിയിറങ്ങുന്നതും പരാതിക്ക് വഴിവെച്ചു.

നേരത്തെ പ്രതി ദിനം 50,000 രൂപ വരെ ലഭിച്ചിരുന്ന ദീർഘദൂര സർവിസുകളുടെ വരുമാനം പല ഡിപ്പോകളിലും നേരെ പകുതിയായതും പരാതികൾ വ്യാപകമായതോടെയുമാണ് ബസുകളെല്ലാം സൂപ്പർ ഫാസ്റ്റാക്കി മാറ്റി പഴയ രീതിയിൽ ഓടാനുള്ള നിർദേശം നൽകിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: